തിരുവനന്തപുരം: പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍ തിരുവന്നതപുരത്തിന്റെ സുവര്‍ണ ഓളം. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ നീന്തലിലെ പകുതിയിലധികം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരുടെ തേരോട്ടം. ആകെയുള്ള 103 മത്സര ഇനങ്ങളില്‍ 56 ഇനം പിന്നിട്ടപ്പോള്‍ 38 സ്വര്‍ണവും 33 വെള്ളിയും 26 വെങ്കലവുമായി 336 പോയിന്റോടെയാണ് തിരുവനന്തപുരത്തിന്രെ കുതിപ്പ്.
ഏഴു സ്വര്‍ണവും 11 വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 90 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും ഏഴു സ്വര്‍ണവും ആറു വെള്ളിയും 12 വെങ്കലവുമായി 72 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
വ്യക്തിഗത സ്കൂളുകളില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എം വി എച്ച്എസ്എസ് 65 പോയിന്റുമായി ഒന്നാമതും 37 പോയിന്റോടെ പിരപ്പന്ന്കോട് ഗവണ്മെന്റ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 31 പോയിന്റുമായി കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമുണ്ട്
ശ്രീഹരിക്ക് ഇരട്ട റിക്കാർഡ്
നീന്തല്‍ക്കുളത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ മെഡ്ലേ, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നിവയില്‍ റിക്കാര്‍ഡ് നേട്ടവുമായി ശ്രീഹരി. നീന്തല്‍ക്കുളത്തിലെ ആദ്യ ഇരട്ട റിക്കാര്ഡിനാണ് പിരപ്പന്‍കോട് സര്‍ക്കാര്‍ സ്കൂളിലെ ബി. ശ്രീഹരി അര്‍ഹനായത്. 200 മീറ്റര്‍ മെഡ്ലേയില് രണ്ടു മിനിറ്റ് 12.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു റിക്കാര്‍ഡിന് അര്‍ഹനായപ്പോള്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒരു മിനിറ്റ് 56.078 സെക്കന്‍ഡിലായിരുന്നു റിക്കാര്‍ഡ് നീന്തൽ.